കേരള പോലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ മുഖമാസികയായ 'കാവൽ കൈരളി', 'കാവൽ' എന്ന പേരിൽ 2000 ഫെബ്രുവരി 11 ന് കോഴിക്കോട് ടൗൺഹാളിൽ അന്നത്തെ സാംസ്കാരിക വകുപ്പു മന്ത്രി ടി.കെ. രാമകൃഷ്ണൻ പ്രകാശനം ചെയ്തു. സ്പീക്കർ പി.പി.ഉമ്മർകോയ ആദ്യപ്രതി ഏറ്റുവാങ്ങി. പ്രമുഖ സാഹിത്യകാരൻ തിക്കോടിയൻ, മുൻ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് ഐ.പി.എസ്, സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറി കെ.ജെ. ജോർജ് ഫ്രാൻസിസ് എന്നിവർ സന്നിഹിതരായിരുന്നു. ആദ്യലക്കം പുറത്തിറങ്ങുമ്പോൾ ചീഫ് എഡിറ്റർ കെ.ടി. സെയ്തും എഡിറ്റർ ജോസ് മാത്യുവുമായിരുന്നു.
പ്രഥമ ലക്കം കാവലിന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാർ നൽകിയ സന്ദേശത്തിൽ "പോലീസിലുള്ള കലാപ്രതിഭകളെ കണ്ടെത്തുന്നതിനും അവരെ സാംസ്കാരിക രംഗത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും ഈ മാസിക സഹായകമാകട്ടെ" എന്ന് ആശംസിച്ചു.
"പോലീസ് സേനയിൽ ജോലി ചെയ്യുന്നവരും മനുഷ്യരാണെന്നും അവർക്കും സ്വപ്നങ്ങളും വിചാരങ്ങളുമുണ്ടെന്നും നമ്മുടെ സമൂഹം തിരിച്ചറിയേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. കലാ- സാംസ്കാരിക പ്രവർത്തനങ്ങൾ മാനവികതലങ്ങൾ തേടുന്നത് വിശുദ്ധമായ ഈ മനസിലാക്കലിൽ നിന്നായിരിക്കണം. കേരളത്തിലെ പോലീസ് സേനയ്ക്ക് സംഘടനാ പ്രവർത്തനം സാധ്യമായതുപോലെ, വിചാര വികാര പ്രകടനങ്ങൾ പ്രതിഫലിപ്പിക്കുന്നതിന് ഒരു മുഖപത്രമുണ്ടാകുന്നതും വിപ്ലവകരമായ മാറ്റമാണ്." ഭരണഘടന അംഗീകരിച്ച് സംഘടനയ്ക്ക് പൂർണ്ണതോതിൽ പ്രവർത്തന സ്വാതന്ത്ര്യം അനുവദിച്ച മുൻ ആഭ്യന്തരവകുപ്പുമന്ത്രി കൂടിയായ ടി.കെ.രാമകൃഷ്ണൻ ആശംസിക്കുകയുണ്ടായി.
"അറിവിന്റെ പുതിയ മേഖലകളിലേക്കുള്ള പോലീസ് സേനയുടെ പ്രയാണത്തിനും പോലീസ് പൊതുജന സൗഹൃദത്തിനും ഈ പ്രസിദ്ധീകരണം ശക്തി പകരുമെന്ന" പ്രത്യാശ ഡി.ജി.പി ബി.എസ്.ശാസ്ത്രി ഐ.പി.എസ് പങ്കുവെച്ചു.
"ഒരു നല്ല പോലീസിനെ വാർത്തെടുക്കാൻ കഴിയുന്ന സർഗാത്മക ശക്തിയായി കാവലിന് പ്രവർത്തിക്കാൻ കഴിയുമെന്ന്" കെ.ജെ. ജോർജ് ഫ്രാൻസിസ് സന്ദേശത്തിൽ പറഞ്ഞു.
ത്രൈമാസികയായിരുന്ന കാവൽ, 2008 ഡിസംബർ മുതൽ 'കാവൽ കൈരളി' എന്ന പേരിൽ മാസികയായി പുറത്തിറങ്ങിത്തുടങ്ങി. പോലീസിലെ നിരവധി എഴുത്തുകാരുടെ രചനകൾ കാവൽ കൈരളിയിലൂടെ വെളിച്ചം കണ്ടു. എഴുത്തിനെ ഗൗരവമായി കാണുന്ന പുതുതലമുറ ഇന്ന് പോലീസിലുണ്ട്. മലയാളത്തിലെ ശ്രദ്ധേയനായ മുൻനിര സാഹിത്യകാരൻമാർക്കൊപ്പം അഭിമാനപൂർവ്വം നിലയുറപ്പിക്കാൻ കഴിയുന്ന കഥാകൃത്തുക്കളും കവികളും നമുക്കുണ്ട്. ചെറുകഥ, കവിത, നോവൽ തിരക്കഥ, ചലച്ചിത്രസംവിധാനം, അഭിനയം, ചിത്രകല എന്നീ മേഖലകളിലെല്ലാം വലിയ നേട്ടങ്ങൾ കൈവരിച്ച പോലീസുദ്യോഗസ്ഥർ നിരവധിയാണ്. അവർക്കെല്ലാം വേദിയൊരുക്കാനും സർഗ്ഗസൃഷ്ടികൾ പ്രസിദ്ധീകരിക്കാനും കാവൽ കൈരളിക്ക് കഴിഞ്ഞിട്ടുണ്ട്.
മുഖ്യധാരാ പ്രസിദ്ധീകരണങ്ങൾക്കൊപ്പം കിടപിടിക്കാവുന്ന മികച്ച ലേ-ഔട്ടും അച്ചടിയും കാവൽ കൈരളിയെ മികവുറ്റതാക്കുന്നു. പോലീസ് ശ്രേണിയിലെ അടിസ്ഥാന വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥർ, തങ്ങളുടെ പണം ഉപയോഗിച്ച് തങ്ങൾ തന്നെ നടത്തുന്ന ഇന്ത്യയിലെ ഏക പ്രസിദ്ധീകരണം എന്ന പദവി 'കാവൽ കൈരളി'ക്കുമാത്രം അവകാശപ്പെടാവുന്ന ഒന്നാണ്.
Chief Editor
Editor
Editorial Board
Editorial Board
Editorial Board
Editorial Board
Editorial Board
Joint Secretary