Menu

ജോർജ് ഫ്രാൻസിസ് സാർന്റെ വേർപാടിൽ കേരള പോലീസ് അസോസിയേഷന്റെ ആദരാഞ്ജലികൾ.....

ശ്രീ കെ ജെ ജോർജ് ഫ്രാൻസിസ് സാർ.
കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ അടിമ സമാനമായ ജീവിത സാഹചര്യത്തിന് മാറ്റം വരുത്തി കേരള സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്താൻ വേണ്ടി ത്യാഗോജ്വലമായ പ്രവർത്തനംകൊണ്ട് കേരളത്തിൽ പോലീസ് സംഘടന കെട്ടിപ്പടുക്കുന്നതിന് മുൻനിര പോരാളി ആയി പ്രവർത്തിച്ച ത്യാഗിയായ മനുഷ്യൻ. 1936 കോട്ടയത്ത് നാഗമ്പടത്ത് ആണ് ജനനം 1957 പോലീസിൽ ചേർന്നു. പോലീസിൽ സംഘടനാ സ്വാതന്ത്ര്യം ഇല്ലാതിരുന്ന അക്കാലത്ത് സംഘടന രൂപീകരിക്കുവാൻ വേണ്ടി രൂപീകരിച്ച രഹസ്യ സംഘടനയിൽ അംഗമായി. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒളിഞ്ഞും തെളിഞ്ഞും നടത്തിയ പോലീസ് സംഘടന രൂപീകരണം പ്രവർത്തനങ്ങൾ ഇക്കാലത്തെ പോലീസ് ഉദ്യോഗസ്ഥർക്ക് ആലോചിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. കേരളം മുഴുവനും സഞ്ചരിച്ച കേരള പോലീസ് അസോസിയേഷൻ രൂപീകരിക്കാൻ വേണ്ടി നടത്തിയ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥ ഭരണ തലത്തിലുള്ളവരുടെ കണ്ണിലെ കരടായി മാറുന്ന സാഹചര്യം ഉണ്ടായി. എല്ലാവരോടും ഏറ്റവും നന്നായി പെരുമാറി വിമർശകരുടെ വരെ സ്നേഹം ഏറ്റുവാങ്ങുവാൻ ശ്രീ ജോർജ്ജ് ഫ്രാൻസിസ് സാറിന് സാധിച്ചു. ഇന്ത്യ ഒട്ടാകെ പോലീസ് സംഘടന സ്വാതന്ത്ര്യത്തിനുവേണ്ടി പ്രക്ഷോഭങ്ങൾ ഉയർന്നു വന്ന കാലഘട്ടത്തിൽ അത് അടിച്ചമർത്തുന്നതിന് വേണ്ടി കേരളത്തിന് വെളിയിൽ നിരവധി സ്ഥലങ്ങളിൽ പട്ടാളത്തെ ഉപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥന്മാരെ വെടിവച്ചുകൊല്ലുന്ന സാഹചര്യമുണ്ടായി.സംഘടനാ സ്വാതന്ത്ര്യത്തിനു വേണ്ടി അവർ രക്തസാക്ഷികൾ ആയി.
കേരളത്തിൽ അത്തരത്തിലുള്ള അക്രമ പ്രക്ഷോഭങ്ങളിലേക്ക് പോകാതിരുന്നത് ജോർജ് ഫ്രാൻസിസ് സാറിനെ പോലുള്ളവരുടെ നേതൃത്വം ഉണ്ടായിരുന്നത് കൊണ്ടാണ്. സംഘടനാ സ്വാതന്ത്ര്യത്തിനു വേണ്ടി 1979 കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥൻമാർ പണിമുടക്കാൻ പോകുന്ന സാഹചര്യം ഉണ്ടായപ്പോൾ അന്നത്തെ മുഖ്യമന്ത്രി ശ്രീ പി കെ വാസുദേവൻ നായരുടെ നേതൃത്വത്തിലുള്ള സർക്കാർ കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥന്മാർക്ക് സംഘടനാ സ്വാതന്ത്ര്യം അനുവദിക്കാം എന്ന തീരുമാനിക്കുകയുണ്ടായി. തുടർന്ന് കേരളത്തിൽ പോലീസ് സംഘടനാ പ്രവർത്തനം ആരംഭിച്ചപ്പോൾ അതിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത് ശ്രീ ജോർജ് ഫ്രാൻസിസ് സാറിനെ ആയിരുന്നു. 1991 സർവീസിൽനിന്നും വിരമിക്കുന്നതുവരെ അദ്ദേഹത്തെ തന്നെയായിരുന്നു ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നത്. കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥന്മാരുടെ അവകാശ പോരാട്ടങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാത്ത ഇടപെടലുകൾക്ക് നേതൃത്വം നൽകി. അതിനൊപ്പം തന്നെ പോലീസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സൗമ്യo ആകുന്നതിനു വേണ്ടിയും അദ്ദേഹം പ്രവർത്തിച്ചു. പോലീസ് ഉദ്യോഗസ്ഥന്മാർ എന്നും ജനങ്ങളുടെ സേവകരായി ആയിരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിർബന്ധം. ശബരിമലയിൽ പോലീസ് ബാരക്കിൽ തീപിടിത്തം ഉണ്ടായി പോലീസ് ഉദ്യോഗസ്ഥന്മാരുടെ വസ്ത്രം ഉൾപ്പെടെ മുഴുവനും കത്തിപ്പോയ സാഹചര്യത്തിൽ, അതിന് പരിഹാരം തേടി ശബരിമലയിൽ പോലീസ് ഉദ്യോഗസ്ഥൻമാർ പണിമുടക്കിലേക്ക് പോകുന്ന സാഹചര്യം വന്നപ്പോൾ അവിടെ ഓടിയെത്തിയ അദ്ദേഹം അന്നു പറഞ്ഞ വാക്കുകൾ ചരിത്രത്തിന്റെ ഭാഗമായി മാറി. തങ്ങളുടെ വസ്ത്രങ്ങൾ ഉൾപ്പെടെ എല്ലാം കത്തി നശിച്ചു പോയതിൽ പ്രകോപനപരമായി സമരത്തിന് തുനിഞ്ഞ പോലീസുകാരോട് അദ്ദേഹം പറഞ്ഞത് ശബരിമലയിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്മാർ മരണപ്പെട്ടു പോകുന്ന സാഹചര്യമുണ്ടായാൽ പോലും അതിൽ അവശേഷിക്കുന്നത് ഒരു പോലീസുകാരൻ ആണെങ്കിൽ അയാൾ ആത്മാർത്ഥമായ ഡ്യൂട്ടി ചെയ്യേണ്ട പരിപാവനമായ സ്ഥലമാണ് ശബരിമല. അതുകൊണ്ട് ഇവിടെ സമരം വേണ്ട എന്നും ഭക്തജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ നൽകി ഡ്യൂട്ടി തുടരാനും ആണ് അദ്ദേഹം നിർദേശിച്ചത്.നഷ്ട്ട ങ്ങൾക്ക് പരിഹാരം മറ്റു മാർഗത്തിൽ നേടി എടുക്കാം എന്നും അവരെ പറഞ്ഞു മനസിലാക്കി. അദ്ദേഹം ഉൾപ്പെടെയുള്ള ആദ്യകാല നേതാക്കന്മാർ കാണിച്ചുതന്ന പാതയിലൂടെ സഞ്ചരിച്ചതുകൊണ്ടാണ് ഇപ്പോഴും ഇന്ത്യയിൽ കേരളത്തിൽ മാത്രം പൊലീസിന് സംഘടന അവശേഷിക്കുന്നത്. ആരും സഹായിക്കാൻ ഇല്ലാതിരുന്ന കാലഘട്ടത്തിൽ കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥന്മാരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടി ജില്ലകൾ തോറും പോലീസ് വായ്പ സഹകരണ സംഘങ്ങൾ കെട്ടിപ്പടുക്കുന്നതിന് അദ്ദേഹം നേതൃത്വം നൽകി. കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥന്മാർക്ക് തല ചായ്ക്കുവാൻ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുവാൻ കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം രൂപീകരിക്കുവാൻ ആവശ്യമായ പ്രവർത്തനങ്ങളിലും ജോർജ് ഫ്രാൻസിസ് സാറിന്റെ പങ്ക് എടുത്തുപറയേണ്ടതാണ്. പോലീസിന്റെ സംഘടനാ ചരിത്രം ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. റിട്ടയർമെന്റ്ന് ശേഷവും വിശ്രമ ജീവിതത്തിൽ പോലീസ് കുടുംബത്തിനും പൊതുജനസേവനത്തിനുവേണ്ടി തന്നാൽ ആകാവുന്ന പങ്ക് നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെ. ആരോഗ്യപ്രശ്നങ്ങൾ മൂലം വീട്ടിൽ നിന്നും പുറത്തു പോകാതിരുന്ന അവസാന കാലഘട്ടങ്ങളിൽ എഴുത്തിലൂടെ അദ്ദേഹം സജീവമായിരുന്നു. 2020 ഫെബ്രുവരി മാസത്തിൽ ആണ് അദ്ദേഹത്തെ പോലീസ് സംഘടനാ ഭാരവാഹികൾ അവസാനമായി കണ്ടത്. പിന്നീട് നിരവധി തവണ ഫോണിലൂടെ ബന്ധപെട്ടിരുന്നു.അദ്ദേഹം നൽകാറുള്ള പ്രധാന ഉപദേശം, ഏത് അവകാശത്തിനു വേണ്ടി പോരാടാൻ തുടങ്ങുബോഴും അത്യന്തികമായി സംഘടന നിലനിൽക്കണം എന്ന ബോധം മനസ്സിൽ ഉണ്ടായിരിക്കണം എന്നതാണ്. ദുരന്തങ്ങളുടെ ഈ ഓഗസ്റ്റ് മാസത്തിൽ അദ്ദേഹത്തിന്റെ വേർപാട് അറിയുമ്പോൾ കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം ഒരു തീരാനഷ്ടം തന്നെയാണ്. കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥന്മാർക്ക് വേണ്ടി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾക്ക് വാക്കുകൾ കൊണ്ട് നന്ദി പറയാൻ കഴിയുകയില്ല. കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥൻമാർ എല്ലാകാലത്തും ജോർജ് ഫ്രാൻസിസ് സാറിനോട് കടപ്പെട്ടിരിക്കും. കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ഓർമ്മകളിൽ ജോർജ് ഫ്രാൻസിസ് സാർ ഒരു നക്ഷത്ര തിളക്കത്തോടെ നിലനിൽക്കും. ജോർജ് ഫ്രാൻസിസ് സാർന്റെ വേർപാടിൽ കേരള പോലീസ് അസോസിയേഷന്റെ ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ കുടുംബങ്ങളുടെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു.
KP പ്രവീൺ,
ജനറൽ സെക്രട്ടറി,
കേരള പോലീസ് അസോസിയേഷൻ.